ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ കനത്ത പ്രതിഷേധം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഹൈക്കമ്മീഷന് ഒരുകിലോമീറ്റർ അകലെ വച്ച് പ്രതിഷേധക്കാരെ സുരക്ഷാസേന തടഞ്ഞു. അക്രമാസക്തരായ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
സ്ഥലത്തെത്തിയ 100 കണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പോലീസും അർദ്ധസൈനിക വിഭാഗവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നും ബുധനാഴ്ചയും രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഹിന്ദു സംഘടനകൾ അറിയിച്ചിരിക്കുന്നത്. നേരത്തെയും ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു.
വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ മതനിന്ദ ആരോപിച്ച് മൈമെന്‍സിംഗിലെ ഭാലുകയില്‍ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിനുശേഷം അദ്ദേഹത്തിന്റെ ശരീരം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.